Skip to main content

എന്റെ മുത്തശ്ശിയുടെ വീട്

Kamala Das

 

 

കമലാ ദാസ് / സിന്ധു ജോസ്

ദൂരെയൊരു വീടുണ്ട്.
എനിക്കൊരുപാട് സ്നേഹം കിട്ടിക്കൊണ്ടിരുന്നൊരിടം...

ആ സ്ത്രീ മരിച്ചു പോയി.

നിശബ്ദതയിലാണ്ട് പോയ ആ വീട്ടിൽ
പുസ്തകങ്ങൾക്കിടയിൽ
പാമ്പുകളിഴഞ്ഞു...
വായിക്കാനാവുന്നതിലും ചെറുപ്പമായിരുന്നെനിക്കന്ന്...
എൻ്റെ രക്തം ചന്ദ്രനെപ്പോലെ തണുത്തു പോയി...

ഇടയ്ക്കിടയ്ക്ക് തോന്നാറുണ്ട്,
അവിടേയ്ക്ക് പോകാൻ,
ജനാലകൾ തുറന്നകത്തേയ്ക്കെത്തി നോക്കാൻ,
ഉള്ളിൽ തളം കെട്ടിനിൽക്കുന്ന
മരവിച്ച വായുവിന്
പറയാനുള്ളത് കേൾക്കാൻ...
പരിഭ്രാന്തികളിൽ നിന്നും
നിരാശകളിൽ നിന്നുമിറങ്ങിച്ചെന്ന്,
അവിടുന്നൊരു പിടിയിരുട്ടെടുത്ത്,
ഇവിടെയെൻ്റെയീ കിടപ്പറയുടെ വാതിൽക്കൽ
കാവൽനായയായി കൊണ്ടിടാൻ...

പ്രിയപ്പെട്ടവളേ,
വിശ്വസിക്കാത്തതെന്താണ്?
ഞാനങ്ങനെയൊരു വീട്ടിൽ
ജീവിച്ചിരുന്നവളായിരുന്നെന്നും
അഭിമാനിയായിരുന്നെന്നും
സ്നേഹിക്കപ്പെട്ടിരുന്നെന്നും?

ഈ വഴി തെറ്റിയവൾ...
അപരിചിതരുടെ വാതിലുകളിൽ മുട്ടി
ചില്ലറയായെങ്കിലുമൊരല്പം സ്നേഹം
എന്ന് യാചിക്കുന്നവൾ...

 

(കമലാ ദാസ്, കമല സുരയ്യ, മാധവിക്കുട്ടി യാത്രയായിട്ട് പത്തു വർഷം.

1965 ൽ പ്രസിദ്ധീകരിച്ച "Summer in Calcutta" ("കൽക്കട്ടയിലെ വേനൽ") യിലെ ശ്രദ്ധേയമായ കവിതയായിരുന്നു  "My Grandmother's House.")